Friday, October 29, 2010

മുക്തി ( ഒരു സ്വവര്‍ഗ കവിത )


എന്‍റെ ഭയങ്ങളെപ്പറ്റി പറയട്ടേ?
ഭയമാണെനിക്ക്,
നിന്നോടൊത്ത് നനയുന്ന മഴയും
സിസര്‍ ഫില്‍ട്ടര്‍ മണക്കുന്ന ഹോസ്റ്റല്‍ രാത്രികളും
നാടകശാലയിലെ വഴുക്കുന്ന പിന്‍സീറ്റും
പുലരിയില്‍ ചായക്കോപ്പയ്ക്കും
സായാഹ്നത്തില്‍ മദ്യചഷകത്തിനും
പിന്നിലൊളിക്കുന്ന,
സൗഹൃദ നിറമുള്ള വിജൃംഭണങ്ങളും.
ഭയമാണെനിക്ക്,
നിന്‍റെ തൊണ്ടയിലെ കവിതയും
നിന്‍റെ കണ്ണിലെ തടവറയും
നിന്‍റെ വിരലിലെ തീയും
നിന്‍റെ ചുണ്ടിലെ മഞ്ഞും
നമ്മള്‍ നടന്ന കാട്ടുവഴികളും
അഴിമതി കലര്‍ന്ന നമ്മുടെ സിരകളും.

എന്നിട്ടും,
എന്‍റെ ഹൃദയത്തിലിന്നുമുണ്ട്,
നീ മാത്രം തുറക്കുന്നൊരു വാതിലും
നിന്‍റെ വിയര്‍പ്പുമണമുള്ളോരു ശയ്യയും.
പറയൂ,
എന്‍റെ മുക്തിയെവിടെ?

അരുത് കാട്ടാളാ, ഇനിയുമരുത്


അരുത്, നോക്കരുതെന്നെ
പ്രതീക്ഷയിറ്റുമാ അരുമനയനങ്ങളാല്‍.
സനാഥത്വത്തിന്‍ വിലങ്ങുകള്‍
ഞാനണിയിക്കില്ലോരിക്കലുമാകൈകളില്‍.
നിന്‍ ഹൃത്തില്‍നിന്നൊരു കവിത ചുരണ്ടുന്ന
വെറുമൊരു നവയുഗ വേടനാകുന്നു ഞാന്‍.

ഇനി വരൂ,
എന്നോടൊത്തോരഴുകിയ തെരുവിലേയ്-
ക്കേകാം അരയിലൊളിപ്പിച്ച കളിപ്പാട്ടം.
ഒടുവില്‍ ഞാനേകാമൊരു ഗാന്ധിച്ചിത്രവു-
മതുതാനതുതാന്‍ ഇനി നിന്‍ ദൈവവും.
ഉടമകളെത്തുമിനിയെന്നും നിന്‍ വാതിലില്‍
വാഴുക കുഞ്ഞേ, ഇത്തെരുവിലെ രാജ്ഞ്ഞിയായ്.
ഇതുമതിയിതുമതി,
ഇനിയീയച്ഛനെന്തേകുവാന്‍
ഇതുമൊരു വൃത്തിയാണ്,
ജീവിച്ചു പിഴയ്ക്കുക.

ഈ മദ്യക്കുപ്പിതന്‍ അടിത്തട്ടിലുണ്ട്,
അഴുകിയ നിന്‍ സ്വപ്ന-ലഷ്യകാല്‍ച്ചിത്രങ്ങള്‍
ചിറകറ്റുവീണൊരു പക്ഷിതന്‍ രക്തവും.

Thursday, October 7, 2010

ഈഡിപ്പസ്


നെറ്റിത്തടത്തില്‍ വിരിഞ്ഞ ഉഷ്ണബിന്ദുക്കള്‍
നദികളായൊഴുകിയെന്‍ കവിള്‍ത്തടങ്ങളില്‍.
രതിയുദ്ധമൊടുങ്ങിയോരാ നനഞ്ഞ മെത്തയില്‍
മുട്ടുകുത്തി ഞാന്‍ അവളുടെ മുന്നില്‍.

ചുംബിച്ചു ഞാനാ ഗര്‍ഭപാത്രത്തില്‍
(എന്‍റെ ജന്മത്തിന്‍ ഉറവയില്‍)

ചുംബിച്ചു ഞാനാ മുലയിണകളില്‍
(എന്‍റെ വിശപ്പൂട്ടിയ ധാന്യക്കുലകളില്‍)

ചുംബിച്ചു ഞാനാ ചുണ്ടുകളില്‍
(എന്‍റെ സ്നേഹം കുലച്ച മലരിതളുകളില്‍)

ചുംബിച്ചു ഞാനാ കരതലങ്ങളില്‍
(എന്‍റെ ശൈശവത്തിന്‍ ഊന്നുവടികളില്‍)

ചുംബിച്ചു ഞാനാ മടിത്തട്ടിലും
(എന്‍റെ നോവുകള്‍തന്‍ ആലംബഭൂമിയില്‍)

ആ കണ്ണിലുടക്കിയെന്‍ മിഴി കവിഞ്ഞു.
(ഇനിയൊരിക്കല്‍ ഞാന്‍ നീന്താതൊരാ ആഴങ്ങളില്‍)

കൊന്നൊടുവില്‍ ഞാനവളെ
(എന്നെത്തന്നെയും).

മതേതര ഭാരതം


പ്രജ്ഞയ്ക്കും പുരോഹിതനും**
കറുത്ത മുഖംമൂടിയും
നീളന്‍ താടിയും
നിസ്ക്കാരതഴമ്പും.

മക്ക മസ്ജിദിലെ
പകുതി ശരീരവും
ഇളകിപ്പോയ താടിയും.

രാഷ്ട്രനിര്‍മ്മാണത്തിന്‍റെ 78 വര്‍ഷങ്ങള്‍ക്ക്
വിലപറഞ്ഞ ഗോഡ്സേയുടെ
കാവിയും ശുദ്ധ രക്തവും.

അധികം അകലെയല്ലാതെ
നിഴലുകളുടെ കാലൊച്ച.
സംസ്കാരത്തിന്‍ പിതൃത്വം സ്വയമെടുത്തണിയുന്ന,
നവയുഗ ഭാരതീയന്‍റെ കാലൊച്ച.

ഭീകരതയും ദേശീയതയും
അമ്മയ്ക്ക് നല്‍കിയ മുറിവുകളും
എനിക്ക് നല്‍കിയ ഭ്രാന്തുകളും.

അതിജീവനത്തിന്‍റെ മറ്റൊരു വിപ്ലവം സ്വപ്നംകണ്ട്,
എന്‍റെ മതേതര ഭാരതം.


(** മലെഗാവ് കേസിലെ പ്രതികള്‍ )

യാത്രയയപ്പ്


കുഞ്ഞപ്പന്‍ ചേട്ടനും മറിയാമ്മ ചേടത്തിയും
എന്‍റെ, നല്ലവരാം അയല്‍ബന്ധുക്കള്‍.
സ്വന്തം മുറ്റത്തെപ്പോലും
പാദസ്പര്‍ശമേകി നോവിക്കാതവര്‍
സദയം ഈ ഭൂവില്‍ വാണരുളി.
വിദേശിയാമൊരു മൂത്തമകന്‍ ആന്‍റപ്പന്‍,
ക്രിസ്മസ് രാത്രികളില്‍ വന്നുദിച്ചിരുന്നു.
പിന്നീട്,
ആന്‍റപ്പന്‍ പന്ജവല്‍സര പദ്ധതിയായി.
ഒടുവിലോ,
ആന്‍റപ്പന്‍ പൊതികളായി.
ഇളയമകന്‍ പൈലറ്റ് ജോണി,
വീടിനു മുകളില്‍ താണുപറന്നിരുന്നു.
പിന്നീട്,
ജോണി പാസ്സിംഗ് ലൈറ്റിട്ടു പാഞ്ഞുപോയി.
ഒടുവില്‍,
ജോണിയൊരു മുഴക്കം മാത്രമായി.
മക്കള്‍ നല്‍കിയൊരു പിച്ചച്ചട്ടിയില്‍ കയ്യിട്ടും
മറിയാമ്മചേടത്തിയുടെ തലയിലുദിച്ച ട്യൂമര്‍ തിന്നും
ജീവിക്കുമൊരുനാളില്‍,
മക്കളെക്കണ്ട് കാലംപൂകാന്‍ ആശ തികട്ടിയവര്‍ക്ക്.
ഞൊടിയില്‍ അണഞ്ഞരികില്‍
ആന്‍റപ്പന്‍ തന്‍ പൊതി,
ജോണിതന്‍ മുഴക്കം.
പൊതി പ്രസവിച്ചൊരു ശവപ്പെട്ടിയില്‍
വിമാനം പ്രസവിച്ചൊരു ബോംബവര്‍ക്കേകി,
ദയ തുളുംബുമൊരു അന്ത്യനിദ്ര.
ചാവുകുഴിയുടെ ഗര്‍ഭപാത്രത്തില്‍..

വീതം വയ്പ്പ്


തോമാച്ചന്റെ തര്‍ക്കസ്ഥലം മൂന്നായി വീതം വയ്ക്കുന്നു.
ഒന്ന് തോമാച്ചനും
ഒന്ന് അയലത്തെ കുഞ്ചുവിനും
ഒന്ന് പറമ്പില്‍ മേയുന്ന നാണിപ്പശുവിനും.
കാഷ്മീരിന്നു മൂന്നായി വീതം വയ്ക്കുന്നു.
ഒന്ന് ഇന്ത്യക്കും
ഒന്ന് പാക്കിസ്ഥാനും
ഒന്ന് കാശ്മീരികള്‍ക്കും.
കാവേരി നദി മൂന്നായി വീതം വയ്ക്കുന്നു.
ഒന്ന് കര്‍ണാടകത്തിനും
ഒന്ന് തമിഴ്നാടിനും
ഒന്ന് മണല്‍ മാഫിയയ്ക്കും.
മുല്ലപ്പെരിയാറും മൂന്നാക്കി.
ഡാമിലെ വെള്ളം തമിഴനും
ഡാം പൊട്ടിയാല്‍ വെള്ളം മലയാളിക്കും
അതിലൊഴുകും ശവങ്ങള്‍ അറബിക്കടലിനും.
എന്‍റെ ജീവിതവും മൂന്നാക്കുന്നു.
ജനിക്കാനും
ഒളിച്ചിരിക്കാനും
മരിക്കാനും.

അജ്ഞാതജഡം


ഇന്നലെ രാത്രിയൊരു
സുഹൃത്തിനെ കാണാതായി.
വാതില്‍ തുറന്ന് മഴയിലേക്കോടിയെന്നു
അമ്മ പറഞ്ഞു.
കള്ളുകുടത്തില്‍ തലയിട്ട്
വയലോരത്തെ ഷാപ്പില്‍ കണ്ടെന്ന്
അച്ഛന്‍ പറഞ്ഞു.
തന്‍റെ വായിലും ഒളിയിടങ്ങളിലും കയ്യിട്ട്
എന്തോ മാന്തിക്കൊണ്ടുപോയെന്ന്
കാമുകി പറഞ്ഞു.
ഒരു കത്തിയും രാഷ്ട്രീയവും
പത്രക്കടലാസില്‍ പൊതിഞ്ഞുകൊണ്ട് പോയെന്ന്
ചായക്കടക്കാരന്‍ പറഞ്ഞു.
തന്‍റെ മാറിലൊരു മരം നട്ടിട്ട്
ഹൃദയത്തിലെ രക്തം കുപ്പിയിലാക്കികൊണ്ട് പോയെന്ന്
വേശ്യ പറഞ്ഞു.
രാത്രി മുഴുവന്‍ നക്ഷത്രങ്ങളുമായി സംവദിച്ച്,
പുലരിയില്‍ നഗ്നനായി പുഴയില്‍ ചാടിയെന്നു
കയ്യുരിക്കല്‍ പാലം പറഞ്ഞു.
ഇന്നിതാ കരയ്ക്കടിഞ്ഞിരിക്കുന്നു.
ഒരു ചോദ്യചിഹ്നം പോല്‍ കൂനിയൊടിഞ്ഞ്,
പാതിതുറന്ന വായില്‍നിന്നൊഴുകി പരന്നൊരു
പദപ്രശ്നക്കളം മാത്രം ബാക്കിയാക്കി..

മത്തായി എന്ന ഇടതുപക്ഷ സ്വതന്ത്രന്‍


മത്തായി,
ആറാം വാര്‍ഡിലെ ഇടതുപക്ഷ സ്വതന്ത്രന്‍.
കപ്യാരുജീവിതത്തിന്‍ ഇരുപത്തഞ്ഞാം വര്‍ഷം
മാര്‍ക്സിനെ കണ്ടു മയങ്ങിപ്പോയി മത്തായി.
അള്‍ത്താരയിലൊരു മൈക്കിന്‍ചുവട്ടില്‍
വികാരിയച്ചന്‍ അലറിത്തുള്ളി.
ഇടയന്‍റെ രാഷ്ട്രീയലേഖനം ശ്രവിച്ച്
ആടുകളവര്‍ ആവേശഭരിതരായി.
വിശ്വാസിയല്ലാത്തൊരു മത്തായി തന്‍ പെട്ടിയില്‍
വീഴാത്തൊരാ വോട്ടുകള്‍ മുദ്രാവാക്യം വിളിച്ചിറങ്ങിയകന്നു.
വിവരമറിഞ്ഞ് മത്തായി പാഞ്ഞെത്തിയന്നേരം
പള്ളിമേടയിലച്ചന്റെ കൈമുത്തി.
വിശ്വസിക്കേണ്ടാത്തതിനെ വിശ്വസിച്ചോടുവില്‍
വിശ്വാസിയല്ലാതായ കുറ്റമാരോപിച്
അച്ചനോ അപ്പാടെ കൈകഴുകി.
മത്തായി തന്‍ രക്ഷയ്ക്കായ്‌ കുരിശുവിട്ടിറങ്ങിയ
കര്‍ത്താവ് അച്ചനോടരുളിപോല്‍,
"വിധിക്കരുത്. എന്തെന്നാല്‍ നീയും വിധിക്കപ്പെടും."
കര്‍ത്താവിന്റെയാ അറിവില്ലായ്മതന്‍
പുച്ഛം ജനിപ്പിച്ചൊരു പുഞ്ചിരി പാലൊഴിച്ച്
അച്ചന്‍ പറഞ്ഞുപോല്‍,
"കര്‍ത്താവിടപെടേണ്ട, രാഷ്ട്രീയമിത്
കര്‍ത്താവിനൊന്നും മനസ്സിലാകുകേല."
ആത്മരക്ഷയോര്‍ത്ത് കുരിശേറി
ആണിക്കൊളുത്തിലമരവേ കര്‍ത്താവോര്‍ത്തുപോയ്,
"പീലാത്തോസേ, നിന്നെപ്പോലെ ഞാനും..."‌

ഒരു നിരാഹാരത്തിന്‍റെ പിന്നാമ്പുറക്കഥ


എന്‍റെ വിവാഹസദ്യയ്ക്ക് ഇടയിലാണത് സംഭവിച്ചത്.
മുതുകില്‍ കറുത്ത വരയുള്ള
ഒരു ചോറുകഷ്ണം സംസാരിച്ചു.
സാമ്പാര്‍ കഷ്ണങ്ങള്‍ക്കിടയില്‍ ഞെരുങ്ങി,
അത് പറഞ്ഞു തുടങ്ങി.

"ആന്ധ്രയിലൊരു തരിശില്‍
ഞാന്‍ ജനിച്ചു.
സ്വന്തം ഭാര്യയെ
ആയിരം രൂപയ്ക്ക് വിറ്റ കര്‍ഷകന്‍
എന്നെ വളര്‍ത്തി.
കടക്കെണിയില്‍ കാല് കുടുങ്ങി
അയാള്‍ ചത്തു.
എന്‍റെ അമ്മയെ പാകിയ
അയാളുടെ മകളില്‍,
ജന്മികള്‍ വിത്ത് പാകി.
എന്നെയവര്‍ ചാക്കിലാക്കി നാടുകടത്തി.
എന്നെയും കൊണ്ടുവന്ന ലോറിയിലാണ്
മദ്യദുരന്തവും വന്നത്.
പൂഴ്ത്തിവയ്ക്കപ്പെട്ട ഞാന്‍
ഇങ്ങനെ ഒരു മരണം പ്രതീക്ഷിച്ചില്ല.
ഒരു പട്ടിണിക്കോലതിന്റെ ആര്‍ത്തിക്ക്
ഇരയാവാനായിരുന്നു എന്‍റെ ആഗ്രഹം.
പക്ഷെ ഇത് കൊള്ളാം,
ആഘോഷങ്ങള്‍ ഇല്ലാതെ എന്ത് മരണം."

അതിന്‍റെ കലപില,
എന്‍റെ അന്നനാളത്തിലെ തിരക്കിലൊടുങ്ങി.

എന്ത് പറയേണ്ടു സുഹൃത്തേ,
അന്ന് മുതലാണ്‌ ഞാന്‍ നിരാഹാരം തുടങ്ങിയത്.

പ്രത്യേക സാഹചര്യം


ഒരു പ്രത്യേക സാഹചര്യമുണ്ടായി.
അഴീക്കോടിനെ, ഒരു താടിക്കാരന്‍
'എമ്പോക്കി' എന്ന് വിളിച്ചു.
'വാര്‍ത്ത' വായനക്കാരന്‍ പുഞ്ചിരി തൂകി.
പ്രത്യേക സാഹചര്യം സംജാതമായി.

അഴീക്കോട്‌ എഴുത്തിനിരുത്തിയ കുട്ടി അമ്മയോട്;
"എന്താണമ്മേ എമ്പോക്കി എന്നാല്‍?"

അഴീക്കോട്‌ മാഷിന്‍റെ വിദ്യാര്‍ഥി നിഘണ്ടു തുറന്നു;
"എന്താണീ എമ്പോക്കി എന്നാല്‍?"

താടിചിന്തകന്‍ വാചാലനായി.
അനര്‍ഗനിര്‍ഗളം ചിന്തകളോഴുകവേ,
മാതാ പിതാ ഗുരുക്കന്‍മാര്‍ പറപറന്നു.

ചാനല്‍ വായനക്കാരന്‍ തലചൊറിഞ്ഞു.
നികൃഷ്ടജീവിയോ എമ്പോക്കിയോ?
നിങ്ങളുടെ അഭിപ്രായം എസ്‌എംഎസ്‌ ചെയ്യുക.

അജ്ഞാതവാസം


ഞാന്‍ മരിക്കുമെന്ന് കരുതേണ്ട.
നിഷ്ക്രിയത്വവും ആത്മപീഡനവും
എനിക്ക് വളമാണ്.
ചിന്തകള്‍ എന്‍റെ രോഗമാണ്.
പരിമിതികളില്‍ തട്ടിത്തകരും എന്നറിയുന്ന
ഞാനാണ്‌ ബുദ്ധിമാന്‍.
ലകഷ്യങ്ങളുടെ പിന്നാലെ
രേഖാചിത്രവുമായി പായുന്ന
നീ വിഡ്ഢിയും.
നിന്‍റെ സുഖങ്ങളിലുള്ള അസൂയ
എനിക്ക് ലഹരിയാണ്.
ഞാന്‍ മുങ്ങിത്താഴുന്ന ചതുപ്പിലേയ്ക്ക്
തിരിഞ്ഞുനോക്കാന്‍ നീ അറയ്ക്കും.
അതു നിന്‍റെ ഭീരുത്വം മാത്രം.
മാലിന്യങ്ങള്‍ പുറത്തിട്ട്
ഞാന്‍ അവയില്‍ നീന്തിത്തുടിക്കുന്നു.
അരോചകമായ ഗന്ധവുമായി
നിന്‍റെ വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന നാളില്‍
നീ എന്ത് ചെയ്യും?
ഞാന്‍
കുറ്റവാളിയാണ്,
ഭീരുവാണ്,
വായാടിയാണ്.
സംവേദനക്ഷമമല്ലാത്ത
അറിവുകളുടെ ഭാണ്ഡം തോളത്തിട്ട്
ചെളിയില്‍ താഴുന്നവന്‍.
എന്‍റെ പരാജയങ്ങളുടെ സുഖം
നിനക്ക് എങ്ങനെ പറഞ്ഞുതരാന്‍?
വൃഷണങ്ങള്‍ ചുരത്തുന്ന സ്രവവുമായി
നീ ലോകം വളര്‍ത്തൂ.
നീ വെറും മനുഷ്യന്‍.
നിനക്കതേ ആവൂ.
ഞാന്‍ ചുരുണ്ട് കൂടുന്നു,
എന്‍റെ വൈകൃതങ്ങളുടെ ചുഴിയില്‍.
സ്ഫടികചഷകങ്ങളില്‍ വിളമ്പിയ
മദ്യത്തിനും എന്നെ ഉണര്‍ത്താനാവില്ല.
ഞാന്‍ ഏറ്റം സമര്‍ത്ഥന്‍.
നിന്‍റെ മുഖത്ത്‌ നോക്കാന്‍ പോലും ലജ്ജിക്കുന്നു.
ഞാന്‍ ചുരുണ്ട് കൂടട്ടെ,
നിരാശമായ പകയുടെ ഗന്ധവുമായി,
വെറുമൊരു പുഴുവായി.
വിഷയാസക്തനായി നീ നരയ്ക്കുമ്പോള്‍,
അന്തര്‍മുഖതയുടെ താളപ്പെരുക്കങ്ങളില്‍
ഞാന്‍ ഇഴഞ്ഞുനീങ്ങും..

വില്‍ക്കാനുള്ള ചിലത്


വൃദ്ധയായ ഒരമ്മയെ വില്‍ക്കാനുണ്ട്.
ചോറുപാത്രത്തില്‍ സ്നേഹം പൊതിഞ്ഞു തന്ന,
സ്നേഹത്തിനു സഹാനമെന്നോരര്‍ത്ഥം പഠിപ്പിച്ച,
പ്രായത്തിന്‍റെ ചെതുമ്പലുകള്‍ മൂടിയ ഒരമ്മ.
(സ്വപ്നങ്ങളുടെ ഒരു ശവക്കുഴി സ്വന്തമായുണ്ട്)

വയസ്സനായ ഒരച്ഛനെ വില്‍ക്കാനുണ്ട്.
യുദ്ധങ്ങള്‍ പൊരുതാനുള്ളതെന്നോതിയ,
ഇന്നലെകളില്‍ നിന്ന് ഇന്നും
ഇന്നില്‍ നിന്ന് നാളെയും എന്നോരറിവ് പകര്‍ന്ന,
വില്‍പത്രത്തില്‍ അവസാനത്തെ ഒപ്പും ചേര്‍ത്തോരച്ചന്‍.
(ഹൃദയത്തിനുള്ളില്‍ ഇന്നും അടച്ചുറപ്പുള്ള ഒരു വീടുണ്ട്)

പഴയൊരു ഭവനം വില്‍ക്കാനുണ്ട്.
ഓര്‍മ്മകളുടെ ഓടിളക്കങ്ങളുള്ള,
ബന്ധങ്ങളുടെ വിയര്‍പ്പുമണമുള്ള,
വര്‍ഷങ്ങളുടെ വിരലടയാളങ്ങള്‍
ശേഖരിച്ച ഒരു വീട്.
(ചില ചുമരുകള്‍ക്ക് നിറഞ്ഞ കണ്ണും മിടിക്കുന ഹൃദയവുമുണ്ട്)

ഇന്നലെകളിലെ ഒരു ഗ്രാമം വില്‍ക്കാനുണ്ട്.
ആദ്യചുംബനത്തില്‍ ലഹരി കത്തിയ
ഉത്സവപ്പറമ്പ് ഉണ്ടായിരുന്ന,
മണലില്‍ ആദ്യാക്ഷരം കുറിച്ചോരറിവുപുരയുടെ
അസ്ഥികൂടം ചുമക്കുന്ന,
തിരിച്ചെത്താത്തവരെ കാക്കുന്ന
കാല്‍പാടുകളുള്ള ഒരു ഗ്രാമം.
(ഗൃഹാതുരത തുളുമ്പുന്ന മദ്യപാനസദസ്സുകളില്‍ വീഞ്ഞ് നുകരാന്‍,
ഓര്‍മ്മകളുടെ അനേകം തലയോടുകളുണ്ട്‌)

ഇന്നിന്‍റെ ഒരു മനുഷ്യനെ വില്‍ക്കാനുണ്ട്.
ഓര്‍മ്മകളെ മറവികളാക്കിയ,
ചിന്തകള്‍ ഇന്‍റെര്‍നെറ്റില്‍ വില്‍ക്കുന്ന
ഒരു മനുഷ്യന്‍.
(സംഭരണിതന്‍ രൂപം കൈക്കൊള്ളും
ജലത്തിന് തുല്യമാമൊരു മനസ്സുണ്ട്)..

പുത്രപര്‍വ്വം


നീ,
എന്‍റെ ജനനത്തിന്‍ നാഥന്‍.
ഞാന്‍,
നിന്‍ ഡയറിതാളുകളില്‍
സ്വപ്‌നങ്ങള്‍ രചിച്ചവന്‍.
ഇരുളിനെ ഭയന്ന നിന്‍റെ കരവലയങ്ങളില്‍
എനിക്ക് സുരക്ഷിത രാത്രികള്‍.
എന്‍ വഴിത്താരകള്‍ കാട് കയറിയപ്പോള്‍,
ദൈവത്തെ തേടിയ കമ്മ്യൂണിസ്റ്റ്‌ ആയി നീ.
നിന്‍റെ സ്വപ്ന ചിത്രങ്ങളില്‍ ചവിട്ടാന്‍
എനിക്കും ഉണ്ടായി ആദര്‍ശലഹരികള്‍.
നിന്‍റെ നഷ്ട കണക്കുകള്‍ കേള്‍ക്കുവാന്‍,
പൊള്ളയാം മമഹൃദയവാതില്‍
തുറക്കില്ല തന്നെ ഞാന്‍.
ഒരു നിശ്വാസത്തിനും അകലെ
നിന്‍ സ്വപ്നങ്ങളിന്നും സ്പന്തിക്കവേ,
നിന്‍റെ മരണം വിഭാവിക്കുന്നത്
എന്‍റെ മറ്റൊരു വികൃതി.
ഇനിയും കാത്തിരിക്കൂ,
എന്‍റെ വിജയങ്ങളില്‍ ഊറ്റം കൊള്ളുവാന്‍ മാത്രം.
നിന്‍റെ ഹൃദയരക്തം പോലും
ഇന്നെനിക്ക്‌ തൂലിക തുമ്പിലെ മക്ഷിയാണ്.
ക്ഷമിക്കണം,
ഞാന്‍ ചെയ്യുന്നത് എന്തെന്ന്
തീര്‍ച്ചയായും ഞാനറിയുന്നു..

സ്മാരകം


സ്റ്റെതസ്കോപ് വള്ളിയുടെ ചുണ്ടുകളില്‍
അമര്‍ത്തി ചുംബിച്ച്,
എന്‍റെ ഹൃദയം കുതറിയകന്നു..
തല പുതച്ച്,
എന്നും ഞാന്‍ ഉറങ്ങിയിരുന്നു.
പക്ഷേ ഇന്ന് മാത്രം
എന്‍റെ ഹൃദയത്തില്‍നിന്നും ഒരു തണുപ്പ്‌,
നിഴലുകള്‍ ഇല്ലാത്ത ഒരു പകലിലേക്ക് ഇറങ്ങിപ്പോയി.
ഭൂമിയുടെ നഗ്നതയില്‍ ചുംബിക്കവേ,
എന്‍റെ ഹൃദയത്തില്‍
വേരുകള്‍ പടര്‍ത്തി വളര്‍ന്ന മരം,
പൂത്ത്‌ ചുകന്നു..

വിഷം


പൂപ്പല്‍ ബാധിച്ച എന്‍ ഹൃദയം
തീന്മേശമേല്‍ നിനക്ക് ഞാന്‍ വിളമ്പി.
സ്ഫടിക ചഷകങ്ങളില്‍
എന്‍റെ രക്തവും.
നിന്‍റെ ആര്‍ത്തി കണ്ട്‌
എനിക്ക് തടയാന്‍ തോന്നി.
പക്ഷേ,
നിന്‍ സിരകളില്‍
നീലവിഷം പടര്‍ന്നിരുന്നു..

തെളിവ്


നിന്‍റെ ഹൃദയത്തിനുള്ളില്‍ തൂങ്ങിയാടുന്ന
എന്‍റെ ഹൃദയം ഞാന്‍ കാണുന്നു.
പ്രണയ യുദ്ധത്തില്‍ അറ്റുപോയ
എന്‍റെ ചുവന്ന അവയവം.
നിന്‍റെ ഹൃദയത്തില്‍ തറച്ച കത്തി
മുറിവേല്‍പ്പിച്ചത് എന്‍റെ ഹൃദയത്തെയാണ്‌.
കത്തിപ്പിടിയിലെ വിരലടയാളം
ഒരു തെളിവാണ്‌ എങ്കില്‍,
നിന്‍റെ ഹൃദയത്തില്‍ നിന്നോഴുകിയ രക്തവും
ഒരു തെളിവ് തന്നെ..

ഭ്രാന്തി


അവള്‍ ജനിച്ചതൊരു
പെണ്‍കുട്ടിയായിട്ടായിരുന്നു.
അവളുടെ മറ്റൊരു തെറ്റും
എനിക്കറിയില്ല.
അഞ്ചാം വയസില്‍
അവളെയോരുവന്‍ ലിംഗം തീറ്റിച്ചു.
അധ്യാപകന്‍റെ മടിയിലിരുന്ന
അവളുടെ തുടകളില്‍
കാമം ഇര തേടിയിരുന്നു.
രാത്രികളുടെ മറവില്‍ ഭിത്തിയിലോട്ടി
അവള്‍ മറ്റൊരു നിഴലായി.
മറ്റുള്ളവര്‍ക്ക്,
എല്ലാം അവളുടെ ഭ്രാന്തുകള്‍ ആയിരുന്നു.
യുവതിയായപ്പോള്‍,
അവളുടെ ശരീര വളര്‍ച്ചയില്‍ മനംനൊന്ത്
ദത്തെടുക്കാന്‍ ഒരുവനെത്തി.
കന്യാകുമാരിയിലെ പുലരിയില്‍,
മാനഭംഗം ചെയ്യപ്പെട്ട കുഞ്ഞിന്‍റെ
കണ്ണില്‍ നോക്കി അവള്‍ പുഞ്ചിരിച്ചു.
'ഞാന്‍ സന്യാസിനി' യെന്നലറി
അവള്‍ തിരക്കിലലിഞ്ഞു.
ഭ്രാന്തന്‍റെ മുടിയില്‍ തഴുകുന്ന
തെരുവ്ബാലനെ മുലയൂട്ടുന്ന
അവളെ ഞാന്‍ കണ്ടു.
എന്‍റെ കവിതകളുടെ കാറ്റേറ്റ്
അവളെന്‍റെ മാറില്‍ മയങ്ങി.
'പത്മശ്രീ' നല്‍കിയപ്പോള്‍
അവളെന്നെ തെറി വിളിച്ചു.
ജീവിതം പങ്കിടാന്‍ ക്ഷണിച്ചപ്പോള്‍
അവളെന്‍റെ കരണം പുകച്ചു.
ആസക്തികള്‍ കാഴ്ച്ച മറയ്ക്കവേ,
'ഭ്രാന്തീ'യെന്നലറിക്കൊണ്ട്
ഞാനവളെ കുത്തിക്കൊന്നു..

കച്ചവടം


ഒരു ടെസ്റ്റ്‌ ട്യൂബ് ശിശുവായിരുന്നു ഞാന്‍.
ചിന്തകള്‍ എനിക്കൊരു മനോരോഗവും.
തുടക്കവും ഒടുക്കവും ഇല്ലാത്ത
പാളത്തിലൂടെ ഒരു ട്രെയിന്‍ യാത്ര.
പാളം തെറ്റിയ ഒരു ബോഗിയില്‍ വച്ചാണ്
നമ്മള്‍ ആദ്യം ചുംബിച്ചത്.
ഗുഹ്യഭാഗത്ത് കൈവച്ചപ്പോള്‍
നിന്‍റെ വേശ്യയാകാന്‍ ക്ഷണിച്ചു.
അന്നുമുതല്‍ ഒരു മെഴുകുതിരിയായിരുന്നു ഞാന്‍.
ഉരുകിതീര്‍ന്നപ്പോഴാണ്‌,
നീ വീണ്ടുമെന്നെ ടെസ്റ്റ്‌ ടൂബിലക്കിയതും
'ഇബേ'യില്‍ വില്കാന്‍ വച്ചതും..

നീ..


ഈ രാത്രിയിലെ എണ്റ്റെ ചിന്തകള്‍ക്ക്‌ നിണ്റ്റെ മണമാണു,
നിണ്റ്റെ നനഞ്ഞ മുടിയിഴകളുടെയും
വിയറ്‍ത്ത ദേഹത്തിണ്റ്റെയും മണം
നിണ്റ്റെ നിശ്വാസത്തിണ്റ്റെയും
ചുംബനങ്ങളുടെയും മണം.

ഈ രാത്രിയിലെ എണ്റ്റെ സംഗീതത്തിന്ന് നിണ്റ്റെ ശബ്ദമാണു,
നിണ്റ്റെ കനത്ത നിശ്വാസത്തിണ്റ്റെയും
നിര്‍വൃതിയുടെയും ശബ്ദം
നിണ്റ്റെ മാറിലെ കുളമ്പടികളുടെയും
നിണ്റ്റെ ഭ്രാന്തിണ്റ്റെയും ശബ്ദം.

ഈ രാത്രിയിലെ എണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ നിണ്റ്റെ നിറമാണു,
നിണ്റ്റെ സ്വപ്നങ്ങളുടെയും
നിണ്റ്റെ കാത്തിരിപ്പിണ്റ്റെയും നിറം
നിണ്റ്റെ വിശ്വാസത്തിണ്റ്റെയും
നമ്മുടെ മുന്തിരിത്തോപ്പുകളുടെയും നിറം.

ഈ രാത്രിയിലെ എണ്റ്റെ ജനനം നിണ്റ്റെ മടിത്തട്ടിലാണു,
നിണ്റ്റെ അടിവയര്‍ നനച്ച കണ്ണീരിലും
നിണ്റ്റെ കണ്ണുകളുടെ ആഴത്തിലും
നിന്നില്‍ അലിഞ്ഞുചേറ്‍ന്ന നിമിഷത്തിലും
നമ്മള്‍ കൊണ്ട പൂറ്‍ണതയിലും.

ദ്വന്തം


നീ..
ചിന്തകളുടെ കാറ്റ് കൂട് തേടിയ രാവില്‍
എന്‍റ്റെ മനസ്സ് വിലയ്ക്കെടുത്ത സങ്കല്പം..
നിന്‍റ്റെ വാക്കുകള്‍
എന്‍റ്റെ പ്രതീക്ഷകള്‍..
നിന്‍റ്റെ ചിരി
എന്‍റ്റെ സന്തോഷങ്ങള്‍..
നിന്‍റ്റെ കണ്ണീര്‍
എന്‍റ്റെ ദുഃഖങള്‍..
നിന്‍റ്റെ മുറിവുകള്‍
എന്‍റ്റെ ഭ്രാന്തുകള്‍..
നിന്‍റ്റെ പ്രേമം
എന്‍റ്റെ സ്വാര്‍ഥത..
നിന്‍റ്റെ കവിതകള്‍
എന്‍റ്റെ സ്വപ്നത്തിന്‍ നിറങ്ങള്‍..
നിന്‍റ്റെ മരണം
എന്‍റ്റെ ഏകാന്തത..
നീ..
എന്നില്‍ പിറന്ന ഞാന്‍.