Friday, November 5, 2010

കുഴിയാന


"മുന്നുര"

എള്ളോളം പൊളിയില്ലാത്തൊരു കഥ
ഗുണപാടങ്ങളടങ്ങും ഒരു കഥ
ഞാനിവിടുര ചെയവത് കേള്‍ക്കൂ.
മാധ്യമവേഴ്ചക്കാലമിതിന്നില്‍
വാണുവിളങ്ങുമോരിളം പൈതലെന്നെ,
വാരിക്കുഴിയില്‍ വീഴ്ത്തിയോരിക്കഥ
കേട്ടുമടങ്ങൂ, എന്‍ പ്രിയസഹജാ.

"സംഭവം"

ചതുരപ്പെട്ടിതന്‍ ചാനല്‍ക്കാഴ്ചകള്‍
ചുറ്റിനടന്നൊരു സായംകാലം,
പുത്തനറിവിന്‍ പാതകള്‍ തേടി
കുഞ്ഞിളം കഴലെന്‍ നെഞ്ചിലമര്‍ത്തി,
എന്നോമറഞ്ഞോരാ പ്രാചീനഭാഷതന്‍
വക്കുപൊട്ടിത്തെറിച്ചോരെല്ലിന്‍ കഷ്ണം,
മുന്നിലെറിഞ്ഞവനെന്നെ കുഴക്കി.
-" വാട്സ് ദിസ്‌ കുഴിയാന? "-
ഞെട്ടി വിറച്ചു ഞാന്‍,
പൊട്ടിത്തകര്‍ന്നു ഞാന്‍.
രക്തമിരച്ചെത്തി കാല്‍മുട്ടില്‍, തറകളില്‍.
മുഖം പൊത്തിക്കരഞ്ഞതിന്നൊടുവിലായ് ഞാനോ,
എത്തിപ്പിടിച്ചോരാ ഒറ്റത്തുള്ളിയില്‍.
ഗൃഹാതുരത,
മുള്ളിത്തെറിച്ചോരാ ഒറ്റത്തുള്ളിയില്‍.

"ഫ്ലാഷ്ബാക്ക്"

" നീ പിച്ചവയ്ക്കുമീ
മാര്‍ബിള്‍ത്തറച്ചുവട്ടില്‍,
ഉണ്ടായിരുന്നുണ്ണീ
പണ്ടൊരു കല്‍ത്തറ.
മഴയോടും വെയിലോടും
പൊരുതിത്തളര്‍ന്ന,
ഓടുകള്‍ മേല്‍ക്കൂര
തീര്‍ത്തൊരു വീട്.
അതിന്‍,
പുകയേറെത്തുപ്പിയ
അടുക്കളപ്പുറത്തായി,
മണ്ണിന്‍ ചുഴികളില്‍
ഒന്നായൊളിച്ച്,
മൃദുലമാം മുതുകില്‍
കുനുകുനെ കൂനുമായി,
അച്ഛനും മുന്‍പേ
വാണവര്‍ കുഴിയാനകള്‍.
മുട്ടിലിഴഞ്ഞോരോ
ചുഴിതോണ്ടി പലനാളില്‍,
മേഞ്ഞു ഞാനവയുടെ
കുട്ടിപ്പാപ്പാനായി."

"അനന്തരം"

അജ്ഞാതമാം ഭൂതകാലത്തിന്നോര്‍മ്മകള്‍
ഒരു കോട്ടുവായുടെ കാറ്റില്‍പ്പറത്തി,
വട്ടു പറയുമോരച്ചന്‍റെ നെഞ്ചില്‍
സ്വസ്ഥമായുറങ്ങുമവന്‍ ഇന്നിന്‍റെ കുഞ്ഞ്.

"ഒടുവില്‍"

ഓര്‍മ്മകള്‍തന്‍ ശവമാടങ്ങള്‍ താണ്ടി,
മാര്‍ബിള്‍ത്തറകളില്‍ മണല്‍ച്ചുഴികളൊരുക്കി,
എന്‍ മണിസൗധത്തിലിന്നവരണയവേ,
മുട്ടിലിഴയുമൊരു കുട്ടിയായ് മാറി ഞാന്‍,
കുഴിയാനപ്പുറത്തേറി യാത്രയ്ക്കൊരുങ്ങവേ,
ഞെട്ടിയുണര്‍ന്ന മകന്‍ കട്ടിലില്‍ കണ്ടു,
പൊട്ടിച്ചിരിച്ചു മറിയുമൊരു കുഴിയാന.

3 comments:

  1. ബാക്ക്ഗ്രൗണ്ട് കോണ്ട്രാസ്റ്റ് കുറക്കുക. കവിതയുടെ ആസ്വാദനത്തിനും സുഖകരമായ് വായനയ്ക്കും ബാധിക്കാത്ത വിധത്തില്‍ ചെറിയ ചില ചെയ്ഞ്ചസ്സ് വരുത്താവുന്നതാണ്.

    ReplyDelete
  2. നല്ല വരികള്‍...

    ReplyDelete