Monday, November 8, 2010

ഉടമകള്‍


ഞാന്‍ വീട്ടിലൊരു നായയെ വളര്‍ത്തി.
ലക്ഷണമൊത്തൊരു അല്‍സേഷ്യന്‍.
അവന്‍റെ തിളങ്ങും മുടിയിഴകള്‍,
വാത്സല്യത്തോടെന്നും തഴുകി ഞാന്‍.
അവനു ഞാനോരുക്കി,
ഗുണമൂറും വിഭവങ്ങള്‍.
ഒരിക്കലും വറ്റാത്ത പാനപാത്രം.
ശീതീകരിച്ചൊരു കാവല്‍മാടവും.
ഇന്നലെയൊരു കള്ളനെ കടിച്ചു കൊന്നവന്‍
നാട്ടിലേറ്റം മികച്ച നായയായി.
അവന്‍റെ ഉടമയാം ഞാനോ,
നേടീ നിലയ്ക്കാത്ത കയ്യടികള്‍.

ഞാന്‍ തെരുവിലൊരു തെണ്ടിയെ വളര്‍ത്തി.
ആരോ ഉപേക്ഷീച്ചൊരു തുണിക്കെട്ട്.
ലക്ഷണമൊത്തൊരു കുറ്റവാളി.
അവന്‍റെ പിച്ചച്ചട്ടിയില്‍ ഞാന്‍ കാറിത്തുപ്പി.
അവന്‍റെ പാളിച്ചകള്‍ കാത്ത്,
പ്രലോഭനങ്ങള്‍ ഒരുക്കി.
അടച്ചുറപ്പുള്ള ജയിലറകള്‍ അവനെ കാത്തു.
അവനു പാര്‍ക്കാന്‍ ഫുട്പാത്തുകളും
അവനൊടുങ്ങാന്‍ പൊതുശ്മശാനങ്ങളും.
മാധ്യമങ്ങള്‍ വിലപിച്ചു,
അവന്‍റെ ദുഷ്ചെയ്തികള്‍.
ഇന്നലെയവനെ ഒരു നായ കടിച്ചുകൊന്നു.
വൃത്തിയാക്കപ്പെട്ട ലോകം ഞങ്ങളാഘോഷിച്ചു.

തെരുവിലെ നിഴലുകളില്‍ മിഴിപാകി
എന്‍ നായ ഇര തേടും രാത്രിയില്‍,
എന്‍റെ സ്വപ്നത്തിന്‍ വിരുന്നുമുറിയിലെത്തി
ഒരു നിഴല്‍ ചോദിച്ചു;
" ആരായിരുന്നെന്‍ ഉടമ? "
" എന്തായിരുന്നെന്‍ വിശപ്പ്? "
സ്വപ്നത്തിന്‍ വാതില്‍പ്പുറത്ത് ഒടുവിലവനകന്നു.
കണ്ടൂ ഞാന്‍,
വാതില്‍പ്പടിയിലുപേക്ഷിച്ച
മുറിവുണങ്ങാത്തൊരു ഹൃദയം.

Friday, November 5, 2010

കുഴിയാന


"മുന്നുര"

എള്ളോളം പൊളിയില്ലാത്തൊരു കഥ
ഗുണപാടങ്ങളടങ്ങും ഒരു കഥ
ഞാനിവിടുര ചെയവത് കേള്‍ക്കൂ.
മാധ്യമവേഴ്ചക്കാലമിതിന്നില്‍
വാണുവിളങ്ങുമോരിളം പൈതലെന്നെ,
വാരിക്കുഴിയില്‍ വീഴ്ത്തിയോരിക്കഥ
കേട്ടുമടങ്ങൂ, എന്‍ പ്രിയസഹജാ.

"സംഭവം"

ചതുരപ്പെട്ടിതന്‍ ചാനല്‍ക്കാഴ്ചകള്‍
ചുറ്റിനടന്നൊരു സായംകാലം,
പുത്തനറിവിന്‍ പാതകള്‍ തേടി
കുഞ്ഞിളം കഴലെന്‍ നെഞ്ചിലമര്‍ത്തി,
എന്നോമറഞ്ഞോരാ പ്രാചീനഭാഷതന്‍
വക്കുപൊട്ടിത്തെറിച്ചോരെല്ലിന്‍ കഷ്ണം,
മുന്നിലെറിഞ്ഞവനെന്നെ കുഴക്കി.
-" വാട്സ് ദിസ്‌ കുഴിയാന? "-
ഞെട്ടി വിറച്ചു ഞാന്‍,
പൊട്ടിത്തകര്‍ന്നു ഞാന്‍.
രക്തമിരച്ചെത്തി കാല്‍മുട്ടില്‍, തറകളില്‍.
മുഖം പൊത്തിക്കരഞ്ഞതിന്നൊടുവിലായ് ഞാനോ,
എത്തിപ്പിടിച്ചോരാ ഒറ്റത്തുള്ളിയില്‍.
ഗൃഹാതുരത,
മുള്ളിത്തെറിച്ചോരാ ഒറ്റത്തുള്ളിയില്‍.

"ഫ്ലാഷ്ബാക്ക്"

" നീ പിച്ചവയ്ക്കുമീ
മാര്‍ബിള്‍ത്തറച്ചുവട്ടില്‍,
ഉണ്ടായിരുന്നുണ്ണീ
പണ്ടൊരു കല്‍ത്തറ.
മഴയോടും വെയിലോടും
പൊരുതിത്തളര്‍ന്ന,
ഓടുകള്‍ മേല്‍ക്കൂര
തീര്‍ത്തൊരു വീട്.
അതിന്‍,
പുകയേറെത്തുപ്പിയ
അടുക്കളപ്പുറത്തായി,
മണ്ണിന്‍ ചുഴികളില്‍
ഒന്നായൊളിച്ച്,
മൃദുലമാം മുതുകില്‍
കുനുകുനെ കൂനുമായി,
അച്ഛനും മുന്‍പേ
വാണവര്‍ കുഴിയാനകള്‍.
മുട്ടിലിഴഞ്ഞോരോ
ചുഴിതോണ്ടി പലനാളില്‍,
മേഞ്ഞു ഞാനവയുടെ
കുട്ടിപ്പാപ്പാനായി."

"അനന്തരം"

അജ്ഞാതമാം ഭൂതകാലത്തിന്നോര്‍മ്മകള്‍
ഒരു കോട്ടുവായുടെ കാറ്റില്‍പ്പറത്തി,
വട്ടു പറയുമോരച്ചന്‍റെ നെഞ്ചില്‍
സ്വസ്ഥമായുറങ്ങുമവന്‍ ഇന്നിന്‍റെ കുഞ്ഞ്.

"ഒടുവില്‍"

ഓര്‍മ്മകള്‍തന്‍ ശവമാടങ്ങള്‍ താണ്ടി,
മാര്‍ബിള്‍ത്തറകളില്‍ മണല്‍ച്ചുഴികളൊരുക്കി,
എന്‍ മണിസൗധത്തിലിന്നവരണയവേ,
മുട്ടിലിഴയുമൊരു കുട്ടിയായ് മാറി ഞാന്‍,
കുഴിയാനപ്പുറത്തേറി യാത്രയ്ക്കൊരുങ്ങവേ,
ഞെട്ടിയുണര്‍ന്ന മകന്‍ കട്ടിലില്‍ കണ്ടു,
പൊട്ടിച്ചിരിച്ചു മറിയുമൊരു കുഴിയാന.

Tuesday, November 2, 2010

വര്‍ഗ്ഗീസ്


ദൈവങ്ങള്‍ വരം വിളമ്പും ഗോപുരവാതിലുകളില്‍
കൂപ്പുകൈകളുമായണഞ്ഞ് അമ്മ തളരുമ്പോഴും
അച്ഛന്‍റെ തലയറുത്ത്
ജനാധിപത്യത്തിന്‍ പുഞ്ചിരി വാള്‍ വീശുമ്പോഴും
പെങ്ങളുടെ മടിക്കുത്തിന്‍ ആഴങ്ങള്‍
മൊബൈല്‍ സ്ക്രീനുകളില്‍ ഉത്സവമാകുമ്പോഴും
അസംഖ്യം കരതലങ്ങള്‍
ഇരുകരണങ്ങളില്‍ നിലയ്ക്കാതെ മുത്തുമ്പോഴും
കള്ളന്‍മാര്‍ കുരിശേറാത്ത കാല്‍വരിയുടെ ഉയരങ്ങള്‍
ക്രോധത്താല്‍ വിങ്ങുമ്പോഴും
പറയാന്‍ മടിക്കുന്ന വാക്കുകളും
ഉയരാന്‍ മടിക്കുന്ന കൈകളും
ഇന്നില്‍ തുരുമ്പിക്കുമ്പോഴും
അടയിരിക്കുക,
മൌനത്തിന്‍ കനത്തില്‍ ചുമല്‍ തളരുംവരെ,
നിന്‍റെ വാതില്‍പ്പടിയില്‍ യുദ്ധങ്ങള്‍ വിരുന്നെത്തുംവരെ,
ഒരു വിഷപ്പുകയുടെ ചിറകേറി അന്ത്യശ്വാസം യാത്രയാകുംവരെ,
ഒരു വെള്ളത്തുണിയാല്‍ മുഖം മറയ്ക്കുംവരെ.

ഒടുവിലൊരു കത്തിപ്പിടി തേടി
എന്‍റെ കൈകള്‍ കുതറിപ്പോയാല്‍,
ചരിത്രത്തിന്‍റെ പ്രതിക്കൂട്ടില്‍
നിങ്ങള്‍ക്കെന്നെ വിസ്തരിക്കാം.
ഒന്നുമാത്രം പറയട്ടേ,
കാതു പൊത്തരുത്
എന്‍റെ ഉത്തരങ്ങള്‍ക്കെതിരെ.
ഉയര്‍ത്തരുതെനിക്കായി,
നന്ദികേടിന്‍റെ അസ്ഥിത്തറകള്‍.

അത്രയും മതി സുഹൃത്തേ..