Friday, April 4, 2014

പരേതന്‍റെ ആത്മഗതം

വിധവയായ കാമുകിയുടെ പ്രണയം
വിഷമാണെന്ന് അറിഞ്ഞപ്പോഴാണ്,
പനാമറിന്‍റെ കുപ്പിയുമായി
അമ്മാവന്‍ അധരകേളിയാടിയത്.
മരണത്തിന്,
കിട്ടാത്ത മുന്തിരികളുടെ ചുവയാണെന്ന്
പറഞ്ഞത്,
അമ്മാവന്‍റെ കരിഞ്ഞ തൊണ്ടയാണ്.

വിപ്ലവങ്ങള്‍ക്കും തിരിച്ചുവരവുകള്‍ക്കും
അവധി കൊടുത്ത്,
മദ്യവുമായി ഇണചേര്‍ന്ന രാത്രിയിലാണ്,
നാലാം നിലയില്‍ നിന്നും ഭൂമിയുടെ ഉദരത്തിലേക്ക്
സുഹൃത്ത് യാത്ര ചെയ്തത്.
മരണത്തിന്,
പറയാത്ത വാക്കുകളുടെ ശബ്ദമാണെന്ന്
അവന്‍ പറഞ്ഞതും ആ യാത്രയിലാണ്‌.

ഹൃദയങ്ങളില്‍ സ്വപ്നങ്ങളുടെ
തിരക്കുള്ള ഒരു പുലരിയിലാണ്,
വഴി തെറ്റിയ യാത്രികനെപ്പോലെ
അമ്മയുടെ ഉദരത്തിലെ ഒറ്റമുറിയില്‍നിന്നും
ഇരുളിന്‍റെ നദിയിലേക്ക് ചാടി,
ചേട്ടന്‍ നീന്തി മറഞ്ഞത്.
മരണത്തിന്,
കാണാത്ത കാഴ്ചകളുടെ നിറമാണെന്ന്
ഗര്‍ഭപാത്രത്തിന്‍റെ ഭിത്തിയില്‍ എഴുതിയതവനാണ്.

ഇന്നൊരു കുരുക്കിലൂഞ്ഞാലാടി,
അത്താഴക്കഞ്ഞിയുമായി കാത്തിരിക്കും
അമ്മയുടെ മുന്നില്‍,
അവസാന ചുംബനത്തിനണയുമ്പോള്‍,
എനിക്കറിയില്ലായിരുന്നു--
മരണത്തിന്,
അമ്മയുടെ മനസ്സിലെ
കെടാത്ത ചിതയുടെ ഗന്ധമാണെന്ന്.
മറവിയുടെ നിഴല്‍ക്കരങ്ങള്‍
എന്‍റെ ശൂന്യത നിറച്ചാലും,
ആ ചിത പുകഞ്ഞുകൊണ്ടേയിരിക്കുമെന്നും.

Monday, November 8, 2010

ഉടമകള്‍


ഞാന്‍ വീട്ടിലൊരു നായയെ വളര്‍ത്തി.
ലക്ഷണമൊത്തൊരു അല്‍സേഷ്യന്‍.
അവന്‍റെ തിളങ്ങും മുടിയിഴകള്‍,
വാത്സല്യത്തോടെന്നും തഴുകി ഞാന്‍.
അവനു ഞാനോരുക്കി,
ഗുണമൂറും വിഭവങ്ങള്‍.
ഒരിക്കലും വറ്റാത്ത പാനപാത്രം.
ശീതീകരിച്ചൊരു കാവല്‍മാടവും.
ഇന്നലെയൊരു കള്ളനെ കടിച്ചു കൊന്നവന്‍
നാട്ടിലേറ്റം മികച്ച നായയായി.
അവന്‍റെ ഉടമയാം ഞാനോ,
നേടീ നിലയ്ക്കാത്ത കയ്യടികള്‍.

ഞാന്‍ തെരുവിലൊരു തെണ്ടിയെ വളര്‍ത്തി.
ആരോ ഉപേക്ഷീച്ചൊരു തുണിക്കെട്ട്.
ലക്ഷണമൊത്തൊരു കുറ്റവാളി.
അവന്‍റെ പിച്ചച്ചട്ടിയില്‍ ഞാന്‍ കാറിത്തുപ്പി.
അവന്‍റെ പാളിച്ചകള്‍ കാത്ത്,
പ്രലോഭനങ്ങള്‍ ഒരുക്കി.
അടച്ചുറപ്പുള്ള ജയിലറകള്‍ അവനെ കാത്തു.
അവനു പാര്‍ക്കാന്‍ ഫുട്പാത്തുകളും
അവനൊടുങ്ങാന്‍ പൊതുശ്മശാനങ്ങളും.
മാധ്യമങ്ങള്‍ വിലപിച്ചു,
അവന്‍റെ ദുഷ്ചെയ്തികള്‍.
ഇന്നലെയവനെ ഒരു നായ കടിച്ചുകൊന്നു.
വൃത്തിയാക്കപ്പെട്ട ലോകം ഞങ്ങളാഘോഷിച്ചു.

തെരുവിലെ നിഴലുകളില്‍ മിഴിപാകി
എന്‍ നായ ഇര തേടും രാത്രിയില്‍,
എന്‍റെ സ്വപ്നത്തിന്‍ വിരുന്നുമുറിയിലെത്തി
ഒരു നിഴല്‍ ചോദിച്ചു;
" ആരായിരുന്നെന്‍ ഉടമ? "
" എന്തായിരുന്നെന്‍ വിശപ്പ്? "
സ്വപ്നത്തിന്‍ വാതില്‍പ്പുറത്ത് ഒടുവിലവനകന്നു.
കണ്ടൂ ഞാന്‍,
വാതില്‍പ്പടിയിലുപേക്ഷിച്ച
മുറിവുണങ്ങാത്തൊരു ഹൃദയം.